ഗ്രാമ സഭ /വാര്ഡ് സഭ
ഗ്രാമസഭ എന്നാൽ?
ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിൽ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ള എല്ലാ വ്യക്തികളും ഉൾപ്പെടുന്നതാണ് ഒരു ഗ്രാമസഭ.
ഗ്രാമസഭ / വാർഡ് സഭ മെമ്പർ
ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയുടെ മെമ്പറാണ്.
കൺവീനർ
വാർഡ് മെമ്പറാണ് വാർഡ് കൺവീനർ. ഗ്രാമസഭയുടെ യോഗങ്ങൾ വിളിച്ചുകൂട്ടുകയും നടത്തുകയും ചെയ്യേണ്ടത് കൺവീനറുടെ ചുമതലയാണ്.
അധ്യക്ഷൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റോ അല്ലെങ്കിൽ വൈസ് പ്രസിഡന്റോ യോഗത്തിൽ അധ്യക്ഷത വഹിക്കും.
യോഗം വിളിക്കൽ
മൂന്ന് മാസത്തിലൊരിക്കൽ ഗ്രാമസഭ യോഗം കൂടണം. വർഷത്തിൽ കുറഞ്ഞത് 4 യോഗങ്ങൾ ചേരേണ്ടതുണ്ട്.
ക്വോറം
ആകെ വോട്ടർമാരുടെ 10% ആണ് ക്വോറം. ക്വോറം തികയാതെ മാറ്റിവെക്കുന്ന യോഗത്തിന് ക്വോറം 50 ആയി കുറയുന്നതാണ്.
പ്രത്യേക യോഗങ്ങൾ
ഒരു വാർഡിലെ കുറഞ്ഞത് 10% വോട്ടർമാർ ആവശ്യപ്പെട്ടാൽ 15 ദിവസത്തിനകം പ്രത്യേക യോഗം വിളിക്കേണ്ടതാണ്.
കോ-ഓർഡിനേറ്റർ
ഗ്രാമസഭയുടെ പരിപാടികൾ ഏകോപിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥനെ കോ-ഓർഡിനേറ്ററായി ചുമതലപ്പെടുത്തുന്നു.
ചോദ്യങ്ങളും നിർദ്ദേശങ്ങളും
അംഗങ്ങൾക്ക് അജണ്ട സംബന്ധിച്ച് നിർദ്ദേശങ്ങളും സംശയങ്ങളും ഉന്നയിക്കാവുന്നതാണ്.
തീരുമാനങ്ങൾ
ഗ്രാമസഭയുടെ തീരുമാനങ്ങൾ പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിക്കേണ്ടതുണ്ട്.
- വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാവശ്യമായ വിവരശേഖരണത്തിന് സഹായിക്കുക.
- ഒരു പ്രദേശത്തെ മുൻഗണനകളും വികസന ആവശ്യങ്ങളും നിർണ്ണയിച്ച് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുക.
- സ്വയം സഹായ സംഘങ്ങൾ തയാറാക്കുന്ന പ്രൊപ്പോസലുകൾ വിലയിരുത്തുക.
- സേവനങ്ങളുടെയും പദ്ധതികളുടെയും പൂർത്തീകരണം നിരീക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- അർഹരായ ഗുണഭോക്താക്കളുടെ മുൻഗണനാ പട്ടിക തയാറാക്കുക.
- ക്ഷേമ പദ്ധതികൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയിൽ അർഹരായവരെ തിരഞ്ഞെടുക്കുക.
- അർഹതയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യുക.
- ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ചെലവഴിച്ച തുകയുടെ കണക്കുകളും പദ്ധതികളുടെ റിപ്പോർട്ടുകളും അവലോകനം ചെയ്യുക.
- പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തലും സോഷ്യൽ ഓഡിറ്റും നടത്തുക.
- ഗ്രാമസഭ പാസാക്കിയ പദ്ധതികളുടെ നടത്തിപ്പ് വിവരങ്ങൾ നിരീക്ഷിക്കുക.